Saturday, 5 August 2017

നീളുമീ പദയാത്രയിലരികത്തു നീ
നില്പൂ നീലരജനിപ്പട്ടു ചുറ്റി
പരിമിതൻ ഞാനൊരു പങ്കജദളമായി
പ്രിയപത്നി തൻ പാദരക്ഷ ചെയ്യാം

എന്തുഞാൻ നല്കണം നിന്റെയീ -
പ്രേമമെന്നിലെന്നും നിറഞ്ഞിടാൻ
ആവതില്ലല്ലോ നെഞ്ചോടു ചേർക്കാനും
പ്രിയമായി മാറാനും

പരിണയിക്കാനൊരുങ്ങീ മനസ്വിനി
മധുരമന്ത്രണകോടി വാങ്ങി
മണിയറത്തഞ്ചമലങ്കരിച്ചു ഞാനിതാ
മണ്ഡപത്തിൽ തനിച്ചിരിപ്പൂ

എന്നു നിൻ ചരെയെത്തുമെന്നൊർത്തു
കാത്തിരിപ്പൂ ഞാൻ പ്രിയനേ
പിന്നെയാ നിമിഷങ്ങളൊക്കെയും
പിരിയാതെ ചെർത്തുവെക്കുവാൻ

ഓമനിച്ചൊരു കവിത പാടാം
ഒന്നുലഞ്ഞു നീ ചാരേ നില്ക്കുമ്പോ
തിലകസിന്ദൂരക്കുറി വരച്ചു തവ
രതിപരാഗമായി മാറാം

അരികിൽ നീയണയും നേരം
അലിവോടെ നല്കിടാമെൻ പ്രണയ-
മൊരു സ്നേഹചുംബനമായി
അകലാതെ അണിയത്തു ചേർത്തു
നിർത്താം ഇനിയെന്നുമെന്റേതായി മാറീടുവാൻ



ആ നിലാവിൽ : 


 വർണ്ണതാരകളുജ്ജ്വലിക്കുമാ-
 വശ്യവിതാനപ്പരപ്പിൽ, 
പുഞ്ചിരിയാൽ പൊൻവെളിച്ചം-
 തൂകിനില്ക്കുമെന്നാതിര. 

 പാതിമാത്രം പുറത്തുകാട്ടി- 
നീളെ പാർവ്വണം പൊഴിച്ച്, 
വാർമതിയാ വർണ്ണമേലാ- 
പ്പിലൊരു തൊടുകുറിചാർത്തി. 

 രാവുതോറും നാമിരിക്കുമീ- 
മാമരച്ചാർത്തിന്നു കീഴിൽ, 
പകലുണർന്നു തുടങ്ങുന്നു ചുറ്റും, 
സഖീ പാട്ടുപാടുന്നു കിളികൾ. 

 എത്രനാളായി എന്നുമീ- 
വൻമരത്തെ ചാരി നാമിരുപേരും, 
സ്വപ്നലോകത്തിലൂടെ- 
മേവിയാ വർണ്ണമേലാപ്പു കാണ്മൂ.. 

 അങ്ങുമേലെയാ കാർമുകിൽ- 
ച്ചെരിവിലൂടരിച്ചിറങ്ങും, 
ചന്ദനാഭ അനുസ്മരിപ്പിക്കും 
ചന്ദ്രലേഖയെത്ര സമ്മോഹനം. 

 ചെമ്പനീരല,യിതൾ- കൂമ്പിനില്കും
 നിന്നധരങ്ങളിൽ മാറിമാറി ഉമ്മവച്ചെത്ര- 
മതിവരാതെ ഞാൻ എന്നും 
 പാതിരാവിനെ തുടരുന്നൊ- 
രേതോ യാമമധ്യത്തിൽ നീയൊന്നിച്ചു തേടിടുവ- 
തേതു താരനികുഞ്ജങ്ങൾ. 

 ഇന്നിതാ പുലർന്നു,നേരമായി- 
മത്സഖീ വേർപ്പെട്ടിടാൻ, 
കണ്ടുമുട്ടാം നാളെ വീണ്ടും, 

തണ്ടുലഞ്ഞു ഞാനെത്തിടും 
 ഇന്നുനീളെ നിൻ സ്മൃതിക്കാ- 
യൊരു ചുംബനം കൂടി നല്കുക, 

അധരപല്ലവികളടർന്നനഘമാം 
ഒരു ഗാനമായുയരട്ടെ ഞാൻ.
കയ്യിലായ്‌ വച്ചുകൊൾകെൻ മുരളി- 
കൈവശം ഞാനെത്തും വരെ, 
നിസ്തൂലസ്വരകീർത്തനങ്ങളാൽ
നിർബാധമോമനിച്ചീടുക. 

 പോയിടട്ടെ ഞാൻ യാത്ര- 
ചൊല്ലി വീണ്ടുമാ,മടിത്തട്ടിൽ 
സ്നേഹസ്വപ്നങ്ങൾ കണ്ടു- 
റങ്ങുവാൻ തിരികെയെത്താം വേഗം


കലാലയത്തെ വരിച്ച പെൺകുട്ടി: 


 പടിയിറങ്ങുന്നു നാം കാഞ്ചനക്കല്ലിട്ട 
മുറ്റത്തു കൂടി ചിരിമാഞ്ഞ കണ്ണുനീർ
 കാഴ്ചകൾ പേറി. 

പലദിക്കിലൊഴുകുന്ന കുമിളകൾ
 പോലെ അപരാഹ്നകുങ്കുമ കിരണങ്ങൾ നമ്മൾ. 

മലർവാക ചാറിച്ചുവന്ന വഴിയോരഭംഗികൾ
 ഒരു നോക്കു കൊണ്ട് യാത്ര ചൊല്ലുമ്പോൾ
 നടനമാടി തളർന്നു വീഴുന്നെന്റെ 
പ്രണയ ചേതനാ ലേഖനങ്ങൾ.

 പിരിയുന്നതെന്റെ പുഞ്ചിരിക്കുള്ളിൽ
 കതിരിട്ട നാലു മോഹവർഷങ്ങൾ. 
ചാഞ്ഞകൊമ്പിലെ പരാഗശാഖി ഞാൻ 
പൂത്ത മാസങ്ങൾ ഓർമ്മക്കുറിപ്പുകൾ 

ഫലവൃക്ഷമേ, പ്രണയമാറി പടം പൊഴിഞ്ഞെങ്കിലും 
പിരിയാതെ നിന്റെ പേരെന്റെ പേരോടു ചേർക്കുന്നു ഞാൻ


Friday, 4 August 2017

അശ്രുഭൂഷകൾ
 ---------------------- 

ചമയങ്ങളൊരുക്കി പല കരങ്ങൾ
 അഴകിൽ പണിതു അംബരപ്പന്തൽ ആഹാ!
എത്ര ചന്തത്തിലിങ്ങനെ അണിഞ്ഞൊരുങ്ങീ
 നവവധൂവരർ അറിവതുണ്ടോ

പിന്നണിയിൽ പരോക്ഷലേലങ്ങളശ്രു
 ഗണ്യം ആമാടപ്പെട്ടി തുറന്നവർ സ്വയം
 വില്പനക്കൂനം തിരഞ്ഞ നിർദയർ
പരക്കേ പണ്ടങ്ങൾ പകുത്തവർ

പഴമച്ചോറുണ്ണും ഏഭ്യസഭാവലികൾ
പെൺമനം നൂപുരം കെട്ടിയേറുന്ന
കത്തിവേഷങ്ങളാടും സദസ്സിൽ
ആചാരദക്ഷിണക്കായ് പലരും
അല്പജല്പനങ്ങൾ അവിരാമമാക്കി

ആശീർവദിക്കാൻ നിരന്നവർ ആലംബം
തേടിയുഴറുന്ന പെണ്ണേ അറിയുക മലീമസം
 ഇരുവശം കൂടും നിസ്സഹായർ നിരർത്ഥമീ
സമൂഹം ആഭരണഭാരത്തിന്നകമ്പടി ചെല്ലും
അലങ്കാരസ്ഥാനാശ്വവനിതേ നീ ശീലിക്കുമോ
ഇനിയെങ്കിലും ഇല്ലെന്നു പറയുവാൻ ഈ കരയിൽ ...


ചിങ്ങമാസം പിരിയുമ്പോൾ:


 മലയാള സർഗ്ഗാത്മക മധുമാസരമണീ 
നീ മമ മുന്നിൽ നില്പൂ വിട ചൊല്ലാൻ 
നേരം സ്വരരാഗം മണിനാദം മന്ത്രാക്ഷര-
ത്താൽ സ്വയം മറന്നെഴുതീ കവിതാശകലങ്ങൾ
 പ്രതിധ്വനിപ്പൂ തവ യുഗ്മ സംഗീതങ്ങൾ പ്രതിഫലിപ്പൂ

 പുഞ്ചിരിപ്പൂക്കാലമോണം ലളിതേ 
സുഖമർമ്മരം മാമരച്ചില്ലകളിൽ 
ഇടക്കിടെ ചാറും ചെറു മഴത്തുള്ളികൾ 
 പോകൂ മൃദു കന്യേ പൊൻചിങ്ങമാസമേ 
മണമിയലും വഴിനീളെ പിൻ വിളികൾ 
അലങ്കാരപ്പേരുമായ് കണ്ടുമുട്ടാം ഇനി
 തിരുവോണ നിറഭേദ വദനത്താൽ 
വീണ്ടും മരണമില്ലാതെൻ മനം തുടിക്കുമ്പോൾ 

 വര കല്പിത ഹൃദയത്തിൽ ഉതി-
 രുന്നൊരു നാദം പരകോടി ജന്മത്തിൻ 
സുഖസുന്ദര മേളം വിരൽ കൊണ്ടെന്നക-
താരിൽ രുധിരം പൊടിഞ്ഞു വള തമ്മിൽ
 കൊഞ്ചുമ്പോൾ സ്വർഗ്ഗമീ പാരും.

 മൃതമായ് ഞാനെങ്കിലും ഇമ രണ്ടും 
ചിമ്മി മൃദു മന്ദഹാസത്തിൽ കുളിരരുവി-
കളൊഴുകി സ്വപ്നങ്ങളിണ ചേർന്നൊരു മുഗ്ദാനു- 
രാഗത്തിൽ കമനീയ ഹേമാവൃത സങ്കല്പ രതി നടനം. 

 വിലയം വിട ചൊല്ലാത്ത ദുർലഭ-
രാവിൽ പ്രണയാംഗിത നീയെന്നിൽ 
ഹാരങ്ങൾ ചാർത്തി. അതിനിബിഡം
 സുഖമനനം ആലിംഗനങ്ങളിൽ 
മറവിയെ പുല്കുന്നെൻ പുനർചിന്തന ജന്മങ്ങൾ. 

 വിധി പോലെൻ മുന്നിൽ വീണുടയുന്നു
മരണം രംഗങ്ങൾ തുടരുമ്പോൾ ഉണരുന്നെൻ പ്രേമം.
 ക്ഷേത്രാങ്കണ തുളസീ നീ പ്രിയമായെൻ
മുന്നിൽ മധുവോലും പുഞ്ചിരിയാൽ പകരു-ന്നഭിലാഷം.

 വഴിയോര വർണ്ണനയായ് നീയെന്നിൽ
പൂർണ്ണം ചൈതന്യ ദേവതകൾ നിൻ മുന്നിൽ തുച്ഛം.
വാക്കുകൾ നോക്കുകൾ ഇനിയില്ല-
യെങ്കിലും സാഫല്യ ഭംഗീ നിൻ ഓർമ്മകളെൻ ജീവൻ.

 മറുജന്മപ്പാതിശ്രീ മുറുകുന്നെൻ സിരയിൽ
 മുകുളാനു നാദമായ് അലിയും നീ കന്യേ!!
ഓർമ്മാവൃത മോഹാലയ സുകൃ-
താമൃതമധരങ്ങൾ സ്വപ്നാടന
ശൃംഗാരം ചിരസുന്ദര പദ-നടനം.


ഒരു കൃഷിക്കാരന്റെ സങ്കടം 
------------------------------- 

വെറ്റിലക്കൊടി നട്ടൊരീറ്റ കുത്തി 
വളമായ് വിയർപ്പിന്റെ ചൂരു
 നല്കി കുറവനാം കർഷകൻ 
ഞാനതിനെൻ വാത്സല്യ വല്ലിയാൽ മുള തിരിച്ചു. 


 പുരയിലത്താഴ നേരത്തടുക്കളയിൽ 
പങ്കിനായ് കരയുന്നു ശൂന്യജഠരങ്ങൾ.
 'ഈ വിളയെങ്കിലും വില കൊരുത്തെങ്കിൽ'
ആകാശക്കോട്ടകളായിരം കെട്ടി.

 ഇല തളിർത്തു മുകുളങ്ങളൊന്നായ് പടർന്നു,
 അവയിലെൻ ഉദരത്തിൻ ആശയും പൂത്തു.
 മഴ വന്നു വിധിയതിൻ പങ്കെടുത്തു
പഴിയില്ല പ്രാർത്ഥനാ നേർച്ചയായ് കരുതി.

തുണയായ് ഋതു ഹേമന്തഹസ്തമായ്
ലത കനത്തെൻ വിള പല ദളങ്ങളായി.
 കരുതലോടോരോന്നും നുള്ളിയെൻ
 കുട്ടയിൽ ദേവകൃപയായ് സ്നേഹമായടുക്കി.

പുലർകാല സൂര്യനുദിക്കുന്നതിൻ മുൻപേ
പുലരുമങ്ങാടി തേടി നടന്നു.
 പല ചന്തകൾ കണ്ടു, കരഞ്ഞു പോയ്
എന്റെ അധ്വാനമെത്ര വിഫലമെന്നറിഞ്ഞു
വിലയില്ല എൻ വിളവിനെന്നറിഞ്ഞു
വിറുങ്ങലിപ്പു മണ്ണിൻ സുതൻ ഞാൻ.

 വെറുമാശംസയായീ ഓണവും പോയീ
 ഈ കോരന്റെ കുമ്പിളിൽ കഞ്ഞിയും തീർന്നു.
 ഇനിയുമെൻ തനുജർക്കു വിശപ്പു മാത്രം
വിപണിയില്ല വിഫല വാക്കുകൾ നല്കി
 വിളവു തിന്നുന്ന വേലികൾ ചുറ്റും.


കല്പന 
............... 

പാലായ് പരന്നു 
നവ പുലരി ആറും
ഇരവൊരുല്ലാസ ഉദ്യാനം
 പണിതൂവോ.

പോറ്റുവാൻ പൂർവാഹ്ന
പൂച്ചെടി മൊട്ടുകൾ പ്രിയ
 വിഹഗ ഗീതങ്ങളിൽ
സ്വയമലിഞ്ഞു നില്പൂ.

 ധ്യാന ഗുണമായുയർന്ന
തേൻകുടങ്ങൾ അളിതൻ
അധരങ്ങളാൽ
തുടുത്തതാവാം.

പടിമേൽ ചിതറും ദളങ്ങളെന്നരികിൽ
പ്രേമ ലിപിയായ് നടിച്ചു മണം
 പരത്തുമീ നേരത്തു പകരമാരോ
ഹൃത്തിലൊരല്പം വിവശമായ്
കണ്ണിൻ കടാക്ഷമാരാഞ്ഞുവോ?


ഓണം- ഒരു പ്രേമഭംഗി
 ------------------------------- 

മാമരഞ്ചോട്ടിലെ പൂവിതൾപ്പുഴയിലീ 
താരുണ്യമൂവന്തി കുളിച്ചു കേറി. 
പുൽക്കുടിൽ മുറ്റത്തെ തൂമണൽ 
മെത്തയിൽ പൂങ്കിനാ കാമുകൻ ഞാനിരിപ്പൂ. 

കുങ്കുമത്തീരത്തെ ചെമ്മേഘകാടുകൾ 
പൂങ്കാറ്റിലുലയുന കാഴ്ച കാണാം. 
കാഞ്ചനക്കായലിൽ കുഞ്ഞോളം തുഴയുന്ന 
മോഹനപ്പൊൻതിങ്കൾ കൊതുമ്പു തോണി. 

താരങ്ങളിരവിനെ കാത്തിരിക്കുന്നൊരാ 
വാർമുകിൽ ചേലതൻ കുടുക്കഴിഞ്ഞു. 
ഹൃത്തടം ചോപ്പിച്ചു പുത്തടച്ചന്തമാ- 
യാകാശച്ചെരുവിലൂടക്കരയിൽ 
ചാമരപ്പൊയ്കയിൽ ചെഞ്ചായച്ചിത്രമായ്
 കോമളൻ രവിവർണ്ണൻ അസ്തമിച്ചു. 

തൂനിലാച്ചോലയിൽ രാമലർത്തോട്ടത്തിൽ
 ആവണിപ്പൂക്കാലം പൂത്തൊരുങ്ങേ 
വാർമുടിച്ചെണ്ടുമായ് കുറുനിര വണ്ടുകൾ 
ഓർമ്മയിൽ പുഞ്ചിരിച്ചുണ്ടുകൾ 
പ്രേമമനോജ്ഞമാം പൂങ്കാവനത്തിലെൻ 
പ്രേമിയാം ഹൃദയവും കവിതാങ്കുരം



ജ്യേഷ്ടത്തി
•••••••••••••••• 


ജാനകീ, നീയീ നിലാവിന്റെ ദു:ഖം 
ഇളം പോക്കുവെയിലിൽ ചാഞ്ഞ 
കുങ്കുമക്കൊമ്പിലെ തണ്ടറ്റ ചെറു 
പുഷ്പഹൃദയ ദു:ഖം. 

 ജാതദോഷത്തിൻ ജന്മ നക്ഷത്ര രാശിയിൽ 
പാപശിലയായ് അഹല്യയായ് 
ദീർഘമീ പടിപ്പുരക്കെട്ടിൻ മുകൾപ്പടിയിൽ 
ശാപമോക്ഷ ത്വരയായി ദേവി നീ മൂകം. 


 മംഗല്യസൂക്തമില്ല,മലർമന്ത്ര കോടിയില്ല 
ജപമാലയിൽ കോർത്ത പൊൻ 
താലിക്കുടുക്കിന്റെ 
തണലേകുമാശാ സമക്ഷമില്ല. 

 വന്നവർ പോയവർ പാടിപ്പഴിച്ചു നിൻ 
പാപജന്മത്തിന്റെ പാഴായ പ്രാണനെ
 പന്തൽ പണിഞ്ഞു പലവുരു താതൻ 
പാതിയിൽ പ്രാണൻ വെടിഞ്ഞയാളും. 

 പെയ്യുന്നു എന്നുള്ളിലൊരു വൃഷ്ടികാലം
 നിന്റെ മധുരപ്പതിനേഴിൻ ഓർമ്മവർഷം 
കൂട്ടായ് കളിയായ് കുറുമ്പായ് പരസ്പരം 
കൂടി പിണങ്ങി ഏകമെയ്യായ് വളർന്നു നാം.


 പൂക്കാലങ്ങൾ പോയി, ഒരു വരി ചേർന്നു 
വലുതായ് പലതായ് പിരിയുമിരു വഴികളായ്
 മാറി നാം ഉറ്റ ബന്ധുക്കൾ ഞാനെന്റെ 
വാടിയിൽ ചെടി നനക്കുമ്പോൾ നീയീ 
കോവണിപ്പടിയിൽ വാടുമൊരു 
കുങ്കുമപ്പൂവായ് കായും പ്രതീക്ഷയെ കാത്തിരുന്നു. 


 ഒരു പിൻവിളി കേട്ടു ഞാൻ തിരികെയെത്തുമ്പോൾ
 കണ്ടു, പഴകി പൊളിഞ്ഞ കല്പടിയിൽ നിന്നുടെ 
ഏകാന്ത തപസ്സിന്റെ പാതയോരം. 

 ഒരുവേള ആശിച്ചു പോയി, വേലിപ്പടർപ്പിലെ 
ശംഖുപുഷ്പം പോൽ മിഴിയൊന്നുയർത്തി
 നീയെന്നെ നോക്കൂ കരൾ നീർ 
നനഞ്ഞുടൽ പെയ്തു തീരട്ടെ.



ഒരു ഓഗസ്റ് പതിനഞ്ചു കൂടി. 

നാടും നഗരിയും ആളുകളും അഖിലഭാരതവും ആനന്ദ ലഹരിയിലാറാടും വിശേഷ ദിവസം. കൊട്ടാരവീഥികളിൽ ഘോഷയാത്രകൾക്കുള്ള ചമയങ്ങളെല്ലാം പൂ൪ത്തിയായി. വിജയമുദ്രാ വാചകങ്ങൾ മുഴങ്ങും മു൯പേ ഒരു നിമിഷം.... 


പുറം ലോകമറിഞ്ഞും അറിയാതെയും തടങ്കൽ പാളയങ്ങളിൽ വ൪ഷങ്ങൾ വസിച്ച് മരണം വരിക്കേണ്ടി വരുന്ന ഇന്തൃ൯ ധീരജവാന്മാ൪ പാകിസ്ഥാനിൽ ഇന്നുമുണ്ട്.

പിറന്ന മണ്ണിനെ, തന്റെ ജനതയെ, കുടംബത്തെ, മിത്രങ്ങളെ ഒരു നോക്കു വീണ്ടും കാണാനാവാതെ വീരമരണം വരിക്കുന്ന ഇവരുടെ ധീരതക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട് പാടുന്നു പേരിടാനാവാത്ത ഈ കവിത... 


 ജനനി ജന്മഭൂമി സ്നേഹ സമ്പുഷ്ടമാം 
മാതൃ ഭൂമി. അഭിവാദൃപുഷ്പങ്ങളേകാം,
 എന്റെ മരണാഭിലാഷമായി
അവസാന പുഷ്പങ്ങളേകാം.


 ഏറെക്കരയുവാ൯ ഒരു തുള്ളി ബാഷ്പമെ൯
 ഇടനെഞ്ചിലടരുന്നുവെങ്കിലും, കരയില്ല
പകരമിത്തടവി൯ ചുമ൪വിളക്കി൯ ചോട്ടി-
ലൊരു കവിതയെഴുതി വയ്ക്കുന്നു.


നോവും നിരാശയും നഷ്ട സ്വപ്നങ്ങളും
 പാഴ് മരക്കരി കട്ട കൊണ്ടെഴുതി വയ്ക്കുന്നു.
 ഇരുളും വെളിച്ചവും ഇഴ ചേ൪ന്നു പടരും
കരിങ്കൽ തുറുങ്കുകൾക്കപ്പുറം,
ശത്രു പട്ടാള ശിബിരങ്ങൾക്കപ്പുറം...

കൺമുന്നിലോ൪മ്മയുടെ ദൃശൃമുണരുന്നു,
 എന്റെ ക൪മ്മകാണ്ഡം... മാനും മരങ്ങളും
 മലയസാനുക്കളും രാജഹംസം മേവുമാമ്പൽ
സരസ്സും, നഷ്ടബോധത്തിലും പുഞ്ചിരിക്കുന്നു,
ജനനഭൂവി൯ നാനാ വ൪ണ്ണശോഭ....

ഉദയദിഗ് പാലനം ചെയ്ത കാലം..
 ഞാനെ൯ ജയിലഴികളിൽ പിടിച്ചു
നില്ക്കുന്നു, കാണാം ഒരു കുടിൽ,
മുറ്റത്തു തോരാത്ത മിഴി നീട്ടി ഉറ്റു
നോക്കുന്നു പ്രിയസഖി, അരികിൽ
അച്ഛനെക്കാണാനെ൯ കൊച്ചു കരയുന്നു.

ദുഃഖത്തിന്നാഴിയിൽ താത൯ മരിച്ചു പോയ്,
പ്രാ൪ത്ഥനാ മുറിയിലൊരു
തായ്മനം കാണാം, അതി൯ നരവീണ
മുടി പോലുമെന്നെ കാത്തിരിക്കുന്നു.

മിഴി നിറഞ്ഞൊഴുകിയ ചുടുനീരിനെ
 ഞാനെ൯ തടവു കുപ്പായത്തിലൊപ്പി.
 ഒരോ൪മ്മപ്പെരുമ്പറ കാതിൽ അലയടിക്കേ,

 കാണാം ഓ൪ത്തു കരയും ആത്മമിത്രങ്ങളും
 ത്രിവ൪ണ്ണക്കൊടിയേന്തി സ്വാതന്ത്രൃ ഭംഗിയും
പരവതാനി നീ൪ത്തി പച്ചനെൽക്കൊടികളും

 പുഞ്ചവയലിൽ പാറുമിരു
പഞ്ചവ൪ണ്ണക്കിളികളുടെ പിന്നിൽ
തുള്ളിക്കളിച്ചാ൪ത്തുല്ലസിക്കുമെ൯
നാടി൯ ആനന്ദ ബാലവൃന്ദവും.

ഈ ദോഷ വിധിയെനിക്കു നല്കാ൯
എന്തു ചെയ്തു ഞാ൯ ക൪മ്മ പാപം?
 ബോധൃമാവുന്നില്ലെനിക്കീ പരമാ൪ത്ഥം,
 മഹാഭാരതത്തി൯ മക്കളും കൈവെടിഞ്ഞോ
 കാവലി൯ ദീപമായ് എരിഞ്ഞൊരീ ജീവനേ?

കേവലം കടലാസു രേഖയിൽ
പൊതിഞ്ഞൊരപേക്ഷയിൽ ഭരണകൂടവും
 കാട്ടിയെന്നോടു പാഴ്ക്കടമയും കരുണയും.

എവിടെയെ൯ കൂട്ടിന്നു മനുഷ്യാവകാശങ്ങൾ?
 എവിടെ വാനിലുയരും മഹത് വാകൃങ്ങൾ?
 കാത്തിരുപ്പിന്നുപഹാരം മരണശിക്ഷ.
അന്തൃാഭിലാക്ഷമായ് നല്കി ഈ സുദിനപ്പുലരി.

 പേടിയല്ലെന്റെ ചേതനയെ നല്കാമിവ൪ക്ക്
 ഒന്നുമാത്രം ഈ ദേശസ്നേഹം, അതിൽ ഞാ൯
അല്പം വികാരാധീന൯.

 ഉറക്കെ കരയുവാ൯ വെമ്പുന്നു എങ്കിലും,
കരയില്ല ഞാനെ൯ ശിരസ്സുയ൪ത്തി വയ്ക്കാം.
 നാളെയെ൯ നാടി൯ സമ്പൂ൪ണ്ണ സ്വാതന്ത്രൃ സുദിനം.

ഇരു തടികളിലൊരു കയ൪ക്കുരുക്കിലെ൯
സുദീ൪ഘ ബന്ധന വിമോചനം...
പാരതന്ത്രൃം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം...
വന്ദേ മാതരം


ആണും പെണ്ണും നാം
 -------------------------- 

നീലനിറം പൂണ്ട ഭാവ രാവറയില്‍ 
പറങ്കി മാവിന്‍ പഴുത്തില തല്പത്തില്‍ 
നാമിരുപേര്‍ ഇണ ചേരുമിരു 
നാഗങ്ങളാകാന്‍ ഇമ ചിമ്മി തമ്മില്‍ 
കൊതിച്ചിരിക്കും ഉല്ലാസഗന്ധര്‍വ്വയാമം 
 ഗാനസമൃദ്ധമെന്‍ കവിഹൃദയം 
രാസപൂര്‍ണ്ണ കാമാക്ഷി നീ സൌദാമിനി 
ഒരു ശലഭത്തിന്‍ ഇരു ചിറകുകള്‍ പോല്‍ 
പ്രേമപരവശര്‍ നാം നിശ്ശബ്ദരായി 
ഹൃദയങ്ങള്‍ കൊരുത്തു വച്ചു. 


 അര്‍ദ്ധനഗ്നന്‍ ഇന്ദ്രനീലത്തിങ്കളൊളി 
ചിന്നി നിലവിളക്കിന്‍ തങ്കനാളം പോല്‍ , 
നിഴലും നിഴലും ഇഴചേരുമൊരാലിംഗന 
സുദീര്‍ഘനിമിഷത്തിനായി നിന്‍ 
ലോലകപോലങ്ങളില്‍ വിരിഞ്ഞു 
രവിരേഖകള്‍ ഉദയകുങ്കുമ ചക്രവാളം
പോല്‍ ഒരില കൊഴിയും ഒച്ചയുമൊരു 
മൃദുലരാഗം സീമന്ദിനീ നിന്നലിവില്‍ 
അവനിയിലെല്ലാം കവിതയായ് 
കുടമുല്ല മൊട്ടിന്‍ മണമൊഴുകി 
രാസ രാ മണിയറയില്‍ നിന്‍ കൊലുസ്സിളകി
 താളത്തിലമര്‍ന്ന ദളമഞ്ചലില്‍ 
വര്‍ണ്ണ വളകള്‍ ചിതറി ആശാ സരോവരത്തില്‍ 
നീന്തി അരയന്നങ്ങള്‍ നാം 

ആണും പെണ്ണും നാണത്തില്‍ നീയെന്നിലൊട്ടിയിരുന്നു ഹാ!!
എന്റെ രതിരാഗ ചഷകം നിറഞ്ഞു മധുമുന്തിരിച്ചാറു തൂവി.




ചുങ്കാധിപത്യം 
------------------ 

എങ്ങുമൊടുങ്ങാത്ത ചുങ്കം 

പുര വച്ചാ ചുങ്കം സ്ഥലം വാങ്ങിയാ ചുങ്കം
 ജോലി ചെയ്തു സമ്പാദിക്കാന്നു വച്ചാ ചുങ്കം

 ജോലി കൊടുത്താ ചുങ്കം 
വായ്പയെടുത്താ ചുങ്കം 

എന്തേലും വാങ്ങിയാ ഉപഭോക്ത്യ ചുങ്കം 
കള്ളു കുടിച്ചാ ചുങ്കം വിറ്റാ ചുങ്കം
 വ്യവസായം തുടങ്ങിയാ അതിനു ചുങ്കം 

വണ്ടിയോടിച്ചാ ചുങ്കം 
വണ്ടി വാങ്ങിയാ ചുങ്കം 

കുട്ടികളു കൂടിയാ ഇരട്ടി ചുങ്കം 
വാഴ്വു തന്നെ ചുങ്കം 

ഈക്കണ്ട ചുങ്കമൊക്കെ കൊടുത്താലും 
കോരനു ഗതി കുങ്കന്റേതു തന്നെ.... 

ബ്രിട്ടീഷ് കപ്പം പോലെ കൊടുത്തോണ്ടിരിക്കാം.... 
അല്ലാ സ്വാതന്ത്ര്യം കിട്ടിയോ???





തെരുവു ഗുണ്ടകളുടെ കഠാരകള്‍
**********************************


ചോര ചാറി ചുവപ്പിച്ച ചുമരില്‍
ഭീതി ചാലിച്ച നിര്‍ജീവ ദേഹചിത്രങ്ങള്‍
ഘോര സംഹാര വാള്‍ കൊണ്ടെഴുതും
ലാഭ ലോഭ തുടര്‍ക്കഥത്താളുകള്‍


അശ്രുബിന്ദുക്കള്‍ ആശ്വസവാക്കുകള്‍
തുച്ഛപത്രത്തിന്‍ കുറിപ്പുകള്‍ മാത്രം
ആലംബഭംഗത്തില്‍ ശിശു രോദനങ്ങള്‍
മാഞ്ഞും തെളിഞ്ഞും ധൂമവലയങ്ങളില്‍
മായും സിന്ദൂര നാഥ രേഖകളും


മാത്യശോകം സ്ഫുരിക്കും ദുഗ്ദ്ധ മാര്‍ഞെട്ടും
വര്‍ഷ വേനല്‍ പോല്‍ താതനേത്രങ്ങളും
നീളുമീ നിണഗാഥ ചരിത്രനാള്‍വഴികള്‍
സര്‍വ്വ പ്രപഞ്ച ബലങ്ങള്‍ക്കതീതമോ?


ആരീ നരാധമര്‍ക്കഭിഭാഷകര്‍?
രാജവീഥിയിലെ മഹാവലി വാഴ്ത്തും
മഹാമന്ത്രിക്കിവര്‍ അധമ 
ചതുരംഗക്കാലാള്‍ കാവലാളോ?



വിരോധാഭാസങ്ങൾ
*********************

ഒരു പുഴ വന്നു തൊട്ടെ൯ നെഞ്ചിനെ
ഇഹലോകമൊരു മാത്രയിൽ നനഞ്ഞു.
കുളി൪ വെള്ളമൊഴുകി ഒരുറവ പിറവിയെടുക്കാ൯ നേരം
ഒരു മരുഭൂമി വന്നതി൯ ഗതി തടഞ്ഞു.


സ്മൃതിയാളി മനമൊരഗ്നി നാമ്പായി മാറി
മിഴിനീരിലതു സ്ഫുടം ചെയ്തൊരുക്കി
ധരയുടെ വനാന്തരങ്ങളതി൯ ചൂടിൽ ഊണൊരുക്കേ
ഒരു കൊടും കാറ്റതിനെ കാട്ടുതീയാക്കി.


ശിരസ്സെടുത്തൊരു ദീപസ്തംഭം കൊളുത്തി
ഒളി ചിന്നി തിങ്കളതിൽ പ്രതിഫലിച്ചു
പരമാണു ഉദയമായ് പുനഃജനിക്കേ
കൂടെ നിന്നവ൪ കൂടു വിട്ടു കൂടുമാറി അബലമായ്


ഹൈന്ദവ ക്ഷേത്രത്തിൽ ക്രിസ്തു പിതാവിനെ കണ്ടു
വാവരെ മണികണ്ഠ൯ മിത്രമാക്കി
ഒരു യുഗപുരുഷ൯ പറഞ്ഞ ഒരുമ രാജിയും
വിഫലമാം വണ്ണം അവ൯ പേരിലൊരു പുതു ജാതി പിറന്നു.


ലോകമേ തറവാട് ലോകമേ തറവാട്
ലോകമേ നരകവും ലോകമേ നാകവും
ലോകമേ തറവാട് ലോകമേ തറവാട്
ലോകമേ നരകവും ലോകമേ നാകവും



ക൪ണ്ണ൯- ഒരു ആഹ്വാനം
**************************

തേ൪തെളിച്ചു തേ൪ തെളിച്ചു 
പോ൪ക്കളം ജയിക്കുവാ൯,
രുധിരബിന്ദു ബലികൊടുത്തു 
തിന്മയെ ചെറുക്കുവാ൯,
അധ൪മ്മ ശത്രു സേനകളെ 
നേരു കൊണ്ടെതി൪ക്കുവാ൯,
മരിച്ചിടാം പുല൪ന്നിടാം 
ക൪ണ്ണ ഭൂഷണപ്പുലരിയായ്.


രണാങ്കണം വിറക്കുവാ൯ 
സ്വരൂപമൊന്നു വീണ്ടിടാം,
സതീ൪ത്ഥൃ സ്വപ്ന സഫലമായി 
തേ൯ നിറച്ചു നല്കിടാം,
ഹൃദയപുഷ്പവൃഷ്ടികളാൽ 
വിജയഹാരമേകിടാം,
വീര ധീരനായ് നയിച്ചിടാം
ദാനക൪ണ്ണനായ് മരിച്ചിടാം

ഹോമകുണ്ഡതണ്ടുകൾ 
പക൪ന്നു നല്കുമഗ്നിയിൽ,
ബലികുടീര സൂരൃനെ 
അണഞ്ഞിടാതെ കാത്തിടാ൯,
യുദ്ധകാഹളം മുഴക്കി അമര
 സേനയെ ഉണ൪ത്തുവാ൯,
ധീരക൪ണ്ണനായ് ജനിച്ചിടാം,
മരിച്ചിടാം, പുനഃജനിച്ചിടാം!!




മദൃശാലയിലെ വേലക്കാര൯
******************************

സ്വരൂപമല്ല, സ്വത്വമില്ല
സതിത്വമില്ല, സദാചാരമില്ല
സ്ഫടികചഷകങ്ങളിൽ മധുരവീഞ്ഞു
 നിറയ്ക്കുന്ന രഥ്യ സത്രത്തിലെ മദൃ പാലക൯ ഞാ൯.


നഗര രാത്രിയിലൊരു ക്ഷണിക 
ശിബിരം തിരയുന്ന ശുഷ്ക കണ്ഠങ്ങളിൽ
രാസ സഞ്ജീവനി ഇറ്റുന്ന പൊയ് 
മുഖം മൂടിയുടെ കാരൃവാഹി.


നിര൪ത്ഥപ്രയുക്തം അസംബന്ധം പറയുന്ന
അതിഥിവൃന്ദത്തിന്റെ ആഭാസ സഭകളിൽ


അനുരാഗബദ്ധരാം കമിതാക്കളെ കാണാം,
പ്രേമ ഭംഗത്തിലിടറും യുവാക്കളെ കാണാം.


ഏകാന്തരാം വ്രണിതപഥികരെ കാണാം,
ഭ൪തൃബന്ധം വെടിഞ്ഞ സ്ത്രീകളെ കാണാം.


കത്സുക പ്രേമികൾ ക്രാതാക്കളെയും 
കാരൃസാധൃത്തിനായ് കാമം നടിക്കുന്ന
മോഹസുന്ദര മദാലസകളെയും കാണാം.


ഇടവേളകൾ ധൂ൪ത്തടിക്കുവാനെത്തുന്ന 
സമ്പൽ സമൃദ്ധരാം പരദേശ വാണിഭ 
ദമ്പതികളുടെ മധുവിധുകൾ കാണാം.


ജന്മരാശിയിലെ പാപദോഷങ്ങളോ,
പുണൃക൪മ്മത്തി൯ ദേവ വേതനമോ?

ഉദയമാറ്റത്തി൯ ധ്വനിവചനങ്ങൾ പോയി,
നാടിനെ സ്നേഹിച്ച ഹൃദയങ്ങളും 
ഞാ൯ ഉള്ളഴിഞ്ഞാശിച്ച മല൪ പെൺകൊടിയും പോയി.

ഇനി അധ്യാത്മചൈതനൃ സന്യാസദാഹം,
 അതിനെന്റെ ദേഹിയും ഈ കവിതയും സാക്ഷി!!



പകനാമ്പുകൾ
***************

ഇരു ശരീരങ്ങൾ അവരിരു മനുഷൃ൪
അടരാടുമങ്ക കളത്തിൽ
ഇതിക൪ത്തവൃമൂഡമായി നോക്കിനില്ക്കുന്നു
ഒരു പുരുഷാരവൃത്തത്തിലെന്റെ ബാലൃം.


താഴെത്തറയിലെ പൂഴിമണ്ണിൽ 
പിടയുമിരുകാലി ബലിമാംസരോദനത്തിൽ 
ഉന്മാദചിത്തനായ് അലറുന്ന വൈരിയുടെ 
പടുഘോഷണം ധ്വനിക്കുന്നു.

ഏറുന്നൊരാവലിക്കൂട്ടം മിഴി 
നട്ടു കാത്തു നില്ക്കുന്നു,
അചരപ്രജയുടെ നേ൪ക്കാഴ്ചയിൽ 
ഞാനല്പമലിവിനായ് ഉറ്റു നോക്കുമ്പോൾ,

അബലഗാത്രത്തിന്റെ ആ൪ത്തനാദങ്ങളിൽ 
വെറിപിടിച്ചലറുന്ന ഭ്രാന്തഹസ്തം ഒരു 
ശിലയെടുത്താഞ്ഞടിക്കുന്നതു കണ്ടു.

തലയോടു പിളരുന്നൊരൊച്ചയിൽ 
പ്രാണന്റെ തിക്കും തിരക്കും പിടച്ചിലും
 കണ്ടു പേടിച്ചരണ്ടു വിറച്ചു 
നിന്നു നി൪ദയം നാടിന്റെ പൗരബോധം.

ഒടുവിലാ മ൪തൃവിലാപം 
ഒരുവിധം ഒടുങ്ങിയണഞ്ഞു തീരെ,
ചോരത്തളപ്പിന്റെ ത്രാസവൃത്തത്തിലെ
 ജീ൪ണ്ണിച്ച മൃതശരീരത്തിൽ,

വെറിയനായാടിയും രക്തക്കറ 
പുരണ്ടച്ചുകല്ലും പിന്നെ 
അന്തമില്ലാതെന്റെ പേടിസ്വപ്നങ്ങളും...



കൊച്ചു കൊച്ചു സന്തോഷങ്ങൾ ....!



പ്രിയപ്പെട്ടവളോട്
-------------------------


ഭാസുര ചന്ദ്രകലാശകലം പോൽ 

ശോഭിതഫാലകമധ്യത്തിൽ 

മോഹനചന്ദനമണിയും സുരഭില ശാരദ, 

നീയൊരു മണവാട്ടി ഓരോ 

തവണയുമച്ചൊടിയിണകൾ, 

തീരാമോഹതരംഗിണികൾ, 

ഏതോ നീലോല്പലമഞ്ജരിപോൽ

 പൂതാനന്ദവിലാസിതമിഴികൾ വാക്കാൽ, 

നോക്കാൽ, തിരതല്ലും ചുടു- 

ചുംബനമധുരസുധാസുഖമോടെ, 

ചേക്കേറുക പൊൻപക്ഷീ നീയെൻ 

പാട്ടുകളുതിരും നെഞ്ചിൻ കൂട്ടിൽ 

 ഇരുളിന്റെ കമ്പളം മാറിമാറിപ്പുത- 

ച്ചിരുനഗ്നദേഹങ്ങളായി നമ്മൾ രതിതൻ

 വിശുദ്ധിയെപ്പുല്കുവാൻ വെമ്പുന്ന

 കമിതാക്കളാവുമീ രാത്രിതന്നിൽ 

പുലരുംവരെ നിന്റെ മന്ദസ്മിതത്തിലെ 

നറുമുല്ലപ്പൂവുകളെന്റെ മാത്രം


കാത്തിരുപ്പ്
 ------------------ 

ഒരുപിടി പ്രണയസാന്ദ്രങ്ങളാം 
പകലുകൾ കരളിൽ നിറഞ്ഞുജ്ജ്വലിച്ചുനില്പൂ.
 അതുമൂലമീ നീണ്ട കാത്തിരിപ്പൊരു
 ഗ്രീഷ്മ- രജനിപോൽ വേഗം കടന്നുപോകും. 

ലളിതേ, നിലാവിന്റെ തങ്കക്കരമുണ്ട്‌
 ഞൊറിയുടുത്തെത്തുന്നു രാക്കൾ. 
അനുപമേ, ത്വൽപ്രേമസ്മരണതൻ പൂക്കാല- 
പരിമളം പെയ്യുന്ന രാക്കൾ. 

അനുപദം പൂക്കളാൽ കോൾമയിർ കൊള്ളുമാ 
മരതകപ്പച്ചത്തണൽതളപ്പിൽ, ഒരുമിച്ചിരുന്നു 
പൂവാകയ്ക്കു ചോട്ടില- ന്നൊരു 
ദിവ്യവിസ്മൃതി പുല്കി നമ്മൾ. 

അരികത്തിരുന്നെന്റെ മാറത്തു തലവച്ചു വരദേ, 
പറഞ്ഞെത്ര കളിവാക്കുകൾ! 
മണികിലുക്കം പോലെ മറുവാക്കുകൾ 
 കിലുകിലുങ്ങുന്ന നിൻകളിവാക്കുകൾ. 

തെരുതെരെ ചുംബനപ്പൂക്കളർപ്പിച്ചു നി- 
ന്നരുമക്കവിൾത്തട്ടു തഴുകീടവേ, 
അണിവിരൽതുമ്പിനാലെൻറെ കൈവെള്ളയി- 
ലെഴുതി നീയെത്ര പൊൻചിത്രകങ്ങൾ! 

സുഭഗസല്ലാപക്കളിത്തോണിയിൽ 
രണ്ടു ഹൃദയങ്ങളെത്രമേൽ സംവദിച്ചു! 
അമലസ്പർശങ്ങളാം സരിതമേഘങ്ങളായ്
 ഹൃദയങ്ങളെത്രമേൽ സഞ്ചരിച്ചു!

 അതുതന്നെ ധാരാളമിനിയുള്ള കാത്തിരി- 
പ്പൊരു സ്വപ്നമാത്രപോൽ തീർന്നീടുവാൻ.
 അതുതന്നെ ധാരാളമിനിയെന്റെ സ്മരണതൻ 
 തെളിനീർ നനഞ്ഞോർത്തുകാത്തിരിക്കാൻ.


പരിശുദ്ധയുദ്ധം' 
--------------------------

 പുഷ്കലദേശമേ ഭാരതാംബേ നിന്റെ
 തുഷ്ടി സ്പന്ദിക്കുമീ ദിക്കിലെങ്ങും ഗർജ്ജനം, 
കാതടപ്പിക്കുന്ന തോക്കിന്റെ ഗർജ്ജനം, 
നില്കുന്നു 'പൂഞ്ചിൽ' ഞങ്ങൾ. 


 ബദ്ധശത്രുക്കളേ നിങ്ങൾ കൊതിക്കുന്ന 
 യുദ്ധം വരുന്നിതാ കണ്ടുകൊൾവിൻ.
നാശം, വിനാശം വിതയ്ക്കും
കൊടുങ്കാറ്റു വീശാൻതുടങ്ങുന്നു കേട്ടുകൊൾവിൻ.


 സത്യാസ്സമാധാനമന്ത്രത്തെ മുൻനിർത്തി
 ശക്തികാണിക്കാതിരുന്നു ഞങ്ങൾ.
ഭ്രാതൃസ്നേഹത്തിന്റെ പൊൻകതിർകൊത്തി വെൺ-
പ്രാവുപോൽ നിത്യം ചലിച്ചു ഞങ്ങൾ. നിങ്ങളോ?


നിങ്ങൾതന്നാത്മവൈരത്തിന്റെ
 ചങ്ങലക്കെട്ടിൽ കിടന്നുപൊള്ളി,
പൂവുനുള്ളുമ്പോലെ ലാഘവത്തോടെത്ര
 ജീവസ്പന്ദങ്ങൾ തുടച്ചുനീക്കി!

 'അൽ ജിഹാദി'ൻ ശാപവാക്കുകൊണ്ടിന്ത്യയിൽ
 അയ്യോ! മതത്തെ മുറിപ്പെടുത്തി. ഇല്ല,
ക്ഷമിക്കില്ലൊരിക്കലും ഞങ്ങൾക്കു-
 മില്ലേ സ്വരാജ്യമേ മാതൃസ്നേഹം!

 രക്തം മനുഷ്യൻ മനുഷ്യന്റെ കണ്ഠത്തി-
 ലർച്ചിച്ചിടേണ്ട പൂമാലയാണോ?
ഭീതിപ്പെടുത്തുന്ന തീവ്രവാദങ്ങൾക്കു
നേദിച്ച കേവലം തീർത്ഥമാണോ?

ശുദ്ധയുദ്ധം ഹാ! വിശുദ്ധി ഘോഷിക്കുന്ന
 ക്ഷുദ്രയുദ്ധം, നീചരക്തദാഹം, പറ്റില്ല
ഞങ്ങൾക്കുറങ്ങണം, നിങ്ങൾതൻ
 പട്ടടക്കൊപ്പം നിലച്ചിടട്ടേ.

 ഏതുഗ്ര'ചൈനയും' വീറുറ്റസൈന്യവും
 മീതെയീ നിഷ്ടൂരരാം നിങ്ങളും
വന്നാലുമമ്മതൻ ശീർഷത്തിലെക്കൊച്ചു-
കുന്നിക്കുരുപോലും നല്കുകില്ല.


മഞ്ഞിന്റെ വെള്ളപ്പുതപ്പിട്ടുറങ്ങുന്ന
 കുന്നിൻപുറങ്ങളിൽ, സാനുക്കളിൽ,
യുദ്ധം തുടങ്ങാമശാന്തിതന്നന്ത്യമാം
 'ശുദ്ധയുദ്ധം പരിശുദ്ധയുദ്ധം'.


ജന്മാന്തരങ്ങൾകൊണ്ട് 
---------------------------------


സ്നേഹമേ, ഭൂമിയിൽ നർത്തനംചെയ്യുന്ന മോഹമേ,
 നിന്നിലേക്കണയുന്നു ഞാനിതാ. 
നിർദോഷപ്രേമമാം പല്ലവംനീർത്തുന്ന 
നിൻമടിത്തട്ടിൽ മയങ്ങുന്നു ഞാനിതാ. 

 നായരോ ജാതിതൻ ചങ്ങലക്കുള്ളിലെ
 നായയോ നാറുന്ന ജീവിതക്കോമരം!
പാടിതാദർശങ്ങളിൽ ചിതൽപ്പുറ്റുകൾ
 മൂടിക്കിടക്കുന്ന ഷണ്ഡസന്താപമോ!

 ജന്മാന്തരങ്ങളായ് വഞ്ചനേ നീ തന്ന
കന്മലംമൊത്തിക്കുടിച്ചു മന്മാനസം,
ആടാൻ മറന്നുപോയ്, പാടിത്തളർന്നിന്നു-
മാറിത്തണുക്കാത്ത വർഗ്ഗവ്യത്യാസമേ!

 വേണ്ട ഹാ! കുണ്ഡലീ ദംഷ്ട്രകൾകൊണ്ടെന്റെ
 ചുണ്ടിനെച്ചുംബിക്കവേണ്ട നീ മേൽക്കുമേൽ!
വേണ്ടവേണ്ടയ്യോ! വിദൂരത്തു പോവുക,
വീണ്ടും വരായ്കെൻ സമീപത്തുപോലുമേ.

 ഉറ്റവർ, മാതാപിതാക്കൾ, സഹോദര-
രിറ്റിച്ച കണ്ണുനീർത്തുള്ളികൾ കാണിച്ചു,
പിന്തിരിപ്പിക്കാൻശ്രമിക്കയോ പ്രേമമാം പൂന്തേൻനിഷേധിക്കുവാൻപ്രയത്നിക്കയോ!

സങ്കടക്കൂരിരുൾക്കൂനകൾക്കപ്പുറം
തങ്കപ്രഭാവം തഴച്ച ശ്രീകോവിലിൽ
ആരെയും കൂസാതനങ്ങാതിരിക്കുന്നു
വീരശൂരത്വങ്ങളേറുന്ന ദൈവതം




സല്ലാപം
------------

ശാന്തമാമീ കടൽത്തീരത്തു വെണ്ണിലാ-
കാന്തിയിൽ കണ്ണുകൾകോർത്തു നമ്മൾ,
രാവേറെയേറുന്നതറിയാതെയന്യോന്യ-
മാവോളമാശകൾ പങ്കിടുമ്പോൾ,

പാദങ്ങൾ സ്പർശിച്ചു തിരമാലകൾ പ്രേമ-
വേദി നമ്മൾക്കായ് തുറന്നിടുമ്പോൾ,
ആനന്ദധാര നിൻകൺതടം പുല്കിയെൻ-
മാനസത്തിൽ നിപതിച്ചിടുമ്പോൾ,

താരങ്ങളും മണിത്തിങ്കളും തെന്നലു-
മാരമ്യദൃശ്യം നുകർന്നിടുമ്പോൾ,
ശോഭനേ നിന്റെ സുസ്‌മേരപുഷ്പത്തിന്റെ -
യാഭയെന്നിൽ ദ്യോവുണർത്തിടുമ്പോൾ,

വേറെന്തു വേണമീ ജീവിതത്തിൻ ദുഃഖ-
മാറാപ്പ് പൊട്ടിത്തകർന്നീടുവാൻ!
ശോകഗീതങ്ങൾ മറക്കുവാൻ! വാചാല-
സ്നേഹഗാനാരവം നെഞ്ചിലേറ്റാൻ!



ആത്മനന്മകൾ : 

വശ്യമായികാ ദിക്കിൽ നിന്നൊരു 
തപ്ത സൂര്യനുയർന്നിതാ 
വ്യക്തമാകാതെ ലോചനങ്ങളെ 
മൊത്തമായങ്ങു പൊത്തവേ; 

നഗ്നമായുള്ള വാക്കുകൾ കൊണ്ടു 
ശുഭ്രവസ്ത്രങ്ങൾ തുന്നി നീ 
സത്യസന്ധമാം മാനസങ്ങളിൽ 
സത്യമാപിനി വച്ചിതാ; 

ചോപ്പു ചൂടിയ തോപ്പിനുള്ളിലെ 
കൊച്ചു ഷഡ്പദമായി ഞാൻ 
തുള്ളിയങ്ങിങ്ങു തൂവി വീഴുന്ന 
കുഞ്ഞു കുഞ്ഞലർ നന്മകൾ 

അത്രയും നേർത്ത പത്തിയായൊരു 
ചിത്രചാരുതാ വീഥിയിൽ 
ഗാഡമായൊരു ഗാനമായിന്നു 
നല്ല വിണ്ടല ഹൃത്തടം 

കട്ടി കൂടിയ തൊണ്ടിനുള്ളിലെ 
കല്പവൃക്ഷത്തിൻ നീരു പോൽ 
മഹിയിലങ്ങിങ്ങു മധുരനന്മ തൻ 
മൃദുല വിത്തുകൾ മുളയട്ടേ.....



പ്രേമവാർഷികം
-----------------------

എന്നേ മരിച്ചതാണെങ്കിലുമിശ്ശവ-
കല്ലറയിൽ ഞാനുണർന്നിരിപ്പൂ.
മന്ദം തലോടിപ്പുണരുന്ന സുന്ദര-
ചന്ദ്രികയിൽ മയങ്ങാതിരിപ്പൂ.


പാലിച്ചു പാലിച്ചു ഭൂലോകനിയതിതൻ
പാവന പൊന്നുപദേശങ്ങളെങ്കിലും
തീരാത്ത വേദന തന്ന, നുരാഗാർദ്ര-
ധോരണിയെങ്ങോ മറഞ്ഞുപോയി.


ഈ വഴിവക്കിലിന്നലിവിൽ തളിരിട്ട
വാകകൾ പൂക്കൾ കൊഴിച്ചിടുമ്പോൾ
വേനൽമഴയേകി കാർകൊണ്ടലിൻ മൃദു-
വീണതൻ നാദം മുഴങ്ങിടുമ്പോൾ


അസ്സുഖചുംബനമാരിതൻ ചോട്ടിലേ-
ക്കൊന്നുവന്നെത്തുവാനായിടാതെ
സർഗ്ഗം വിലക്കിയ പാട്ടിന്റെയീരടി-
ചേലുമായിപ്പ്രേമവാർഷികത്തിൽ


മാലേയമാരുതൻ തൻ കുളിർ ചാമര-
സാരഥ്യമേകുന്ന നാട്ടിൽനിന്നും
നീ വന്നു മാമക പ്രേതാലയത്തിൽ
ഓമലേ പൂച്ചെണ്ടു വയ്ക്കുവോളം


ലാളിച്ചു മൽപ്രേമസ്മരണകൾ പുഷ്പിച്ച
മൂകശ്‌മശാനനിസ്സംഗതയിൽ
ഞാനുറങ്ങില്ല, പ്രതീക്ഷകൾ പേറുമീ-
താരാപഥം സാക്ഷി നിന്നിടട്ടെ.





കൌമാരത്തിൽ
----------------------------


വേനൽ കൊടുംപിരിക്കൊള്ളുന്നു ചുറ്റിലും
വേദനിക്കുന്നു മജ്ജീവനാളം.
മാധവമേറെക്കഴിഞ്ഞിട്ടുമാഘോഷ- 
മേഘങ്ങളേതുമേ കാണ്മതില്ല.


കാലം മഴക്കാറുമായ് വന്ന നാളൊരു
ദൂരസ്ഥമാം വെറുമോർമ്മമാത്രം.
ഭൂതകാലത്തിലെ വൈകാശിതൻ ഗ്രാമ-
ഭൂതികളൊക്കെപിരിഞ്ഞുപോയി.


ആ മുഗ്ദ്ധതയാകെ വിസ്മരിച്ചീടുവാൻ
ആദ്യം മരിച്ചു ഞാൻ മണ്ണടിഞ്ഞീടണം.
ഓർമ്മകളെത്തുന്നു, ഓമനിച്ചീടുന്നു
മേന്മ തൻ വാതിൽ തുറന്നിടുന്നു.


ഏഴേഴുസാഗരസീമകൾക്കപ്പുറം
മാമഴച്ചാർത്തുല്ലസിച്ച നാട്ടിൽ
പച്ചപ്പുതിങ്ങിത്തുടിച്ച സന്തുഷ്ടിയിൽ
പച്ചനെല്പാടവരമ്പിലൊന്നിൽ


ഒറ്റക്കുപാടിക്കരഞ്ഞ കുമാരന്റെ
നെറ്റിയിൽ ചുംബനമേകിയേകി
താരൊളിത്തൂമന്ദഹാസത്താലവനിലെ
ഘോരവിഷാദം തുടച്ചുമാച്ചും


സത്യസ്നേഹത്തിന്റെ സന്തോഷമൂറുന്ന
വിത്തുകൾ പാകിച്ചിരിച്ചുകൊണ്ടും
പാവനസ്നേഹമേ നീയാ ചെറുക്കന്റെ
ഭാവിയിലാഴത്തിലങ്കുരിച്ചു.


നീളെ കരിമുകിൽമേളം നടന്നപ്പോൾ
നീലക്കാർവേണി നീ പുഞ്ചിരിച്ചു.
നീരോളമോടുന്ന നീലജലാശായ-
ച്ചാരുതപോലെ നീ ലാലസിച്ചു.


പൂമരന്ദത്തിന്റെ ധാര കണക്കെയാ
തൂമാരി പെയ്തുപെയ്തുല്ലസിക്കെ,
മോഹനേ, നിർജ്ജനമാം വരമ്പന്നൊരു
മോഹസാഫല്യത്തിൻ വേദിയാകെ,

ആനന്ദധാരകൾ പോലെ വലാഹക-
ളാമന്ദമന്ദമലിഞ്ഞു വീണീടവേ,
തേൻമദിരകുംഭങ്ങളേന്തുന്ന തെങ്ങുകൾ
തെയ്യങ്ങളെപ്പോലുറഞ്ഞാടവേ,

പച്ചിലശാഖികൾ നീർത്തി പിറകിലെ
പച്ചമുളങ്കാടുലഞ്ഞു നില്ക്കേ,
ഓമലാൾതൻ മുഖകാന്തിയെ നെഞ്ചോര-
മോമനിച്ചാ സഖാവാർദ്രനായി.


നമ്രശിരസ്കയായ് തൻ പ്രാണനാഥനിൽ
കമ്ര,നീയൊട്ടങ്ങു ചേർന്നുനിന്നു.
'ഓമലേ' എന്നുള്ള വിളികേട്ടു നീയെത്ര
പ്രേമപ്രദായിനിയായിമാറി.


ഓതി നീ ''താവകഹസ്തങ്ങളിൽ ലോക-
വീതിയുമെത്തിചുരുങ്ങിനില്പൂ.
ഈ ദിവസത്തെ ഞാനെന്നെക്കുമെൻപ്രിയ-
 ജീവേശ,മനതാരിലോർത്തുവയ്ക്കും


ഓരോ മഴക്കാലമെത്തുമ്പൊഴും തവ-
സാരാനുരാഗസ്മൃതിയുണരും"
പുഞ്ചിരിതൂകി പിടിച്ചു നിൻ കൈയവൻ
പുഞ്ചവയൽപ്പാട്ടു പാടി നിങ്ങൾ.


എന്നാൽ കടന്നുപോയ് നാളുകൾ,നിൻതിരു-
സന്നിധി വിട്ടുപിരിഞ്ഞു പ്രിയേശ്വരൻ.
സമ്പൽനിശ്ശൂന്യമാം ജീവിതത്തിൽ നിന്നു
സമ്പൂർണമാകാതെ പൊയ്പ്പോയി രാഗം.


എന്നെ ഞാനല്ലാതെയാക്കിമാറ്റി കാല-
മെന്നെയീയൂഷരഭൂവിലെത്തിച്ചു.
വേദനിപ്പിക്കുന്ന പരമാർത്ഥമേ നിന്റെ
ഗോദയിൽ ഞാൻ വന്നുപെട്ടുപോയി.


എന്റെയക്കാലത്തെയെന്നെ ഞാനിന്നൊരു
അന്യനായ് മാത്രം പരിഗണിക്കും.
അന്തരമത്രയുമുണ്ടു ഞങ്ങൾ തമ്മി-
ലാവതില്ലവനാകുവാനിനിയൊട്ടുമേ.





വേർപാട്
--------------


നേരമാകുന്നിതാ, വേഗം സഖേ തെളി-
നീരിൻ കുടമിങ്ങെടുക്കുക.
നേർക്കാഴ്ചകൾ മങ്ങിമായുന്നതിൻമുൻപു-
നീർത്തുള്ളിയൊന്നിറ്റുനല്കുക.


ഇന്നലെത്തൊട്ടെന്റെ മരണക്കിടക്കയി-
ലെന്നെത്തലോടിയിരിപ്പതാണെങ്കിലും
ഇന്നീ നിമിഷം വരേക്കുമൊരക്ഷരവു-
മില്ലില്ലുരിയാടിയില്ല നാം തമ്മിൽ.


രാവേറെയേറെക്കഴിഞ്ഞുപോയ്, തൊടിയിലെ
രാക്കിളികളെങ്ങോ പറന്നുപോയി.
ഇന്നീ വിമൂകമാം മേചകത്തോപ്പിൽ നിൻ-
മുന്നിൽ കിടന്നുമരിക്കട്ടേ ഞാൻ.


നാളെപ്പ്രഭാതം വിടരും പതിവുപോൽ,
നാളെയും കിളികൾ ചിലയ്ക്കും.
നാളെയും തുള്ളിക്കളിക്കാൻ മഴമണി-
നീർമുത്തുകൾ മണ്ണിലെത്തും.


ശീലക്കുടകളുമേന്തി കുരുന്നുകൾ
കേളികളാടി നടന്നുപോകും
ബാലമരുത്തു നിൻ കാർകൂന്തലിൽ കൊച്ചു-
ലീലകൾ കാട്ടിക്കടന്നുപോകും


പോവട്ടേ, നിൻ മടിത്തട്ടിൽ കിടന്നിനി-
യാവതില്ലൊട്ടുമിക്കാഴ്ചകൾ കാണുവാൻ.
മാമകസൗഭാഗ്യസാഗരതീരത്തെ
പൂമകളേ യാത്രചൊല്ലട്ടെ ഞാൻ.


മാരകരോഗം പിടിച്ചുക്ഷയിച്ചു ഞാൻ
മാറാവ്യാധിയിൽ മറഞ്ഞിടുമ്പോൾ
മന്നിൽ നിനക്കാരുമില്ലെനിക്കറിയുമി-
ക്കണ്ണീർ തുടയ്ക്കുവാൻ മക്കൾപോലും.


മാപ്പുനല്കൂ സഖേ, കേഴുന്നു മാമകം
വീർപ്പിട്ടുവീർപ്പിട്ടു യാത്രയാകട്ടെ.
വേദനപൂണ്ട മൽജ്ജീവിതത്തിന്റെ
വേദിയിൽ തിരശ്ശീലവീഴുന്നിതാ.


ദൂരസ്ഥമാം മറുലോകത്തിലേക്കു നിൻ
ചാരത്തുനിന്നു ഞാൻ പോയിടട്ടേ.
മാപ്പുനല്കൂ, യാത്രചൊല്ലട്ടെ, നേരമായ്,
വേർപെട്ടു നിന്നെ തനിച്ചിട്ടുപോകട്ടേ.